
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻസിദാണ് മരിച്ചത്. കിണറ്റിൽനിന്ന് പുറത്തെടുത്ത വിഞ്ജുഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപതു മണി മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽത്തന്നെയുണ്ടായിരുന്നു. ഇതോടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.
ഉച്ചയ്ക്ക് 12.45ഓടെ മുണ്ടക്കുളത്തെ സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കിണറ്റിലാണ് ഇരുവരെയും കണ്ടെത്തിയത്. കിണർ മൂടിയിരുന്ന വലയുടെ ഒരു ഭാഗത്ത് വിടവ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഞ്ജുഷയെ കണ്ടത്.
കുഞ്ഞിനെ കൈകളിൽ ചേർത്തുപിടിച്ച് കിണറിന്റെ പടവിൽ പിടിച്ചുനിൽക്കുകയായിരുന്നു യുവതി. ശരീരത്തിന്റെ പകുതിയിലേറെ വെള്ളത്തിലായിരുന്നു. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. ആത്മഹത്യാസൂചനയുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വിഞ്ജുഷയ്ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.










